ഈ കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ജോലി സംബന്ധമായി ഒരാളെ കാണാന്‍ എന്‍റെ ഭര്‍ത്താവിനു ദുബായ് ഹമരിയ പോര്‍ടിനു സമീപം പോകേണ്ടതായി വന്നു. വൈകിട്ടായത് കൊണ്ട് സൂര്യന്‍റെ കലിപ്പുകള്‍ ഒരിത്തിരി അടങ്ങിയിരുന്നു. എന്നാ പിന്നെ നീയും കൊച്ചും കൂടി വാ...ചെറുതിനൊരു ടോട്ടല്‍ തട്ടിപ്പ് ഔട്ടിംഗ് കൊടുക്കാം എന്നത് കേട്ട് കൂടെ പോയി. ഭാര്യ പുത്രി സമേതന്‍ ആയതുകൊണ്ട് അകത്തുകയറി ചെക്ക് വാങ്ങാന്‍ പറ്റാത്തതുകൊണ്ട് ഞങ്ങള്‍ പുറത്തു കുറച്ചു സമയം കാറില്‍ കാത്തു കിടന്നപ്പോള്‍ ആണ് മകളുടെ പുതിയ ജി കെ അറിയാന്‍ കഴിഞ്ഞത്.
ഇനി വിഷയത്തിലേക്ക്... ചെക്കുമായി ഒരാള്‍ വന്നു അതുവങ്ങാന്‍ പോയ അപ്പയെ നോക്കാന്‍ സീറ്റില്‍ നിന്ന് പിന്നോട്ട് നോക്കുന്നു.... അവിടെ പല രാജ്യക്കാരായ സൈലെഴ്സ് നടന്നു വരുന്നുണ്ട് കൂടെ കുറെ ലെബര്മാരും.... അമ്മെ ഇതാരാ എന്നാ പതിവ് ചോദ്യത്തിന് തിരിഞ്ഞു പോലും നോക്കാതെ ആദ്യം അങ്കിള്‍, പിന്നെ ചാച്ചാ , അപ്പാപ്പന്‍ എന്നൊക്കെ എന്‍റെ വായില്‍ വന്നകണക്കിനു പറഞ്ഞു കൊണ്ടിരിന്നു. പെട്ടന്നാണ് പുത്രി മൊഴിഞ്ഞത് അല്ല "അത് പച്ചക്കറി" "പച്ചക്കറി" . ഇതെന്താ ഇവള്‍ ഇങ്ങിനെ പറയുന്നേ എന്നുകരുതി നോക്കിയപ്പോ ഞാന്‍ പ്രത്യകിച്ചൊരു കാഴ്ചയും കണ്ടുമില്ല... അല്ല മോളെ അങ്കിള്‍ അല്ലെ എന്ന് ഞാന്‍ വീണ്ടും പറഞ്ഞു നോക്കി..എവിടെ അവള്‍ക്കൊരു മാറ്റവും ഇല്ലന്നു മാത്രമല്ല ഉറപ്പിച്ചു പറയുകയാ "അല്ലമ്മേ പച്ചകറിയാ" ശെടാ ഇതെന്തു കളി... ഇവള്‍ക്കിതെന്താ എന്നും കരുതി നോക്കിയപ്പോ വിരല്‍ ചൂണ്ടുന്നത് അവിടെ കുറച്ചു മാറി നിന്ന് സംസാരിക്കുന്ന രണ്ടു പാകിസ്ഥാനികളുടെ നേരെയാണ്... ഹതാ അല്ലെ "പാകിസ്താനി ആണോ" അച്ചു എന്ന് നയപരമായി ദേഷ്യം കാണിക്കാതെ പറഞ്ഞപ്പോ ഇരുന്നോണ്ട് തല കുലുക്കുന്നു.
വാക്ക് പഠിച്ച വഴി കൂടി, ഒരു ദിവസ്സം ഒരു പാകിസ്താനി ശ്രദ്ധയില്ലാതെ റോഡു ക്രോസ് ചെയ്തപ്പോ "പാകിസ്താനികള്‍ക്കൊന്നും ഒരു ബോധമില്ല എന്ന് പറഞ്ഞായിരുന്നു" ഡ്രൈവ് ചെയ്യുന്നതിനിടെ...അത് കേട്ട രണ്ടര വയസ്സുകാരി ഇത്രേം ഒപ്പിക്കും എന്ന് മനസ്സാ വാചാ ഞങ്ങള്‍ രണ്ടു പേരും കരുതിയില്ല...
എന്തുചെയ്യാം പിന്നെ ആ പച്ചക്കറിയെ "ചാച്ചാ" ആക്കി മാറ്റി ഒരുവിധം പറയിച്ചു സ്വയം സമാധാനിച്ചു ഞാന്‍... ഓരോ കുരിശു കരുന്ന വഴിയെ....
ചിത്രത്തില്‍ കാണുന്ന ആള്‍ ധരിച്ചിരിക്കുന്ന മാതിരിയല്ല കേട്ടോ ഈ പാവങ്ങളുടെ വസ്ത്രത്തിന്റെ നിറം... വിയര്‍പ്പും, പൊടിയും ഒക്കെ കൂടി... വല്ലാത്തൊരു കാഴ്ച തന്നെ. ലേബര്‍ തരത്തിലുള്ള ആളുകള്‍ എന്‍റെ മോളെ മോളെ നോക്കിയാല്‍ അവര്‍ക്കൊരു ടാറ്റ അവളെ കൊണ്ട് ഞാന്‍ കൊടുപ്പിക്കും... ഇപ്പോ ഞാന്‍ പറയതെ അവള്‍ വഴിയരുകില്‍ നിക്കുന്ന പണിക്കാരെ ഒക്കെ നോക്കി ചിരിക്കും ടാറ്റ കൊടുക്കും. എല്ലാവര്ക്കും അത്ര അഭിമാനം ഒന്നും അതില്‍ തോന്നുന്നില്ല...പക്ഷെ എനിക്ക് അതില്‍ വളരെ സന്തോഷം തന്നെ.അവര്‍ക്കുമില്ലേ ഇതുപോലെ മക്കളും കൊച്ചുമക്കളും... നമ്മളും സുഖലോലുപതയില്‍ അറാടുക അല്ലങ്കിലും സ്വന്തം കുടുംബം ഇല്ലെ കൂടെ...അവര്‍ക്കോ?